മുംബൈ: റഷ്യയിൽനിന്ന് ഇന്ത്യയുടെ എണ്ണ ഇറക്കുമതി ജൂണ്‍ മാസത്തിൽ പുതിയ റിക്കാർഡിലേക്ക് നീങ്ങുന്നു. ഇന്ത്യക്ക് അസംസ്കൃത എണ്ണ വിതരണം ചെയ്യുന്നവരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ വെനസ്വേല.
പശ്ചിമേഷ്യൻ സംഘർഷങ്ങൾ കാരണം വിതരണത്തിലുണ്ടായ തടസങ്ങളെത്തുടർന്ന് ഇന്ത്യൻ എണ്ണ ശുദ്ധീകരണശാലകൾ വിലക്കിഴിവിൽ ലഭിക്കുന്ന റഷ്യൻ എണ്ണ വൻതോതിൽ ഇറക്കുമതി ചെയ്യുകയാണ്.
കമ്മോഡിറ്റി അനലിറ്റിക്സ് സ്ഥാപനമായ കെപ്ലറിൽനിന്നുള്ള പ്രാഥമിക വെസൽ ട്രാക്കിംഗ് വിവരങ്ങൾ പ്രകാരം ജൂണ്‍ ഒന്നു മുതൽ 19 വരെയുള്ള കണക്കിൽ പ്രതിദിനം ശരാശരി 2.66 മില്യണ്‍ ബാരൽ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ രാജ്യത്തിന്റെ ആകെ അസംസ്കൃത എണ്ണ ഇറക്കുമതിയുടെ 53.5 ശതമാനവും ഇതാണ്.
പ്രതിദിനം 6,36,000 ബാരലാണ് യുഎഇയിൽ നിന്നെത്തുന്നത്. എന്നാലിത് മേയ് മാസത്തിൽ രേഖപ്പെടുത്തിയ 6,44,000 ബാരൽ എന്ന റിക്കാർഡ് നിരക്കിനേക്കാൾ താഴെയാണ്. പ്രതിദിനം 2,09,000 ബാരൽ എണ്ണ ഇറക്കുമതി ചെയ്തുകൊണ്ട് വെനസ്വേല ഇന്ത്യയുടെ നാലാമത്തെ വലിയ എണ്ണ വിതരണക്കാരായി മാറി. തൊട്ടുമുന്നിലുള്ള സൗദി അറേബ്യ പ്രതിദിനം 3,84,000 ബാരലാണ് വിതരണം ചെയ്തത്. എന്നാൽ യുഎസിൽനിന്നുള്ള എണ്ണ വാങ്ങലിൽ വലിയ കുറവാണുണ്ടായിരിക്കുന്നത്. മേയിലെ പ്രതിദിനം 2,52,000 ബാരലിൽനിന്ന് 91,000 ബാരലിലെത്തി.
കെപ്ലറുടെ കണക്കുകൾ പ്രകാരം റഷ്യയിൽനിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി ജൂണിൽ പ്രതിദിനം 2.35 മില്യണ്‍ ബാരൽ കടക്കുമെന്നാണ് കരുതുന്നത്. ഇത് എക്കാലത്തെയും ഉയർന്ന റിക്കാർഡിൽ എത്തിയേക്കുമെന്നാണ് കെപ്ലർ കണക്കാക്കുന്നത്. 2023 മേയിൽ രേഖപ്പെടുത്തിയ പ്രതിദിനം 2.2 മില്യണ്‍ ബാരൽ എന്ന മുൻ റിക്കാർഡാകും വഴിമാറുക.